Sunday, December 11, 2022

axiom

 വർഷത്തിൽ ഒക്ടോബർ ആകുന്പോൾ എൺപതു കഴിഞ്ഞ എന്റെ അച്ഛന് ഒരാധിയാണ്‌. ബാങ്കിൽ പെൻഷൻ അക്കൗണ്ടിൽ ജീവിച്ചിരിക്കുന്നു എന്ന തെളിവുനൽകാൻ ഫോം പൂരിപ്പിച്ചു നൽകണം. അച്ഛനെ പോലെ അനേക ലക്ഷം സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞുവന്നവർ വർഷാവർഷം നടത്തേണ്ട ഒരു തമാശയാണീ പരിപാടി. ബാങ്ക് മാനേജരുടെ മുന്നിൽ ജീവനോടെ നിന്നാൽ പോരാ, ഫോം പൂരിപ്പിച്ചു തെളിവ് നൽകണം. ബാങ്ക് മാനെജർക്കോ മറ്റാര്ക്കെങ്കിലുമോ ഈ കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. തെളിവിനൊരു പ്രക്രിയ നിഷ്കര്ഷിച്ചിട്ടുണ്ട്. അത് പിന്തുടർന്നേ പറ്റു. ആ തെളിവിനു വേണ്ടത് ജീവനുള്ളതിനേക്കാൾ പ്രക്രിയ പിന്തുടന്നു എന്ന തെളിവാണ്.

ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ജീവനോടെയുണ്ട് എന്നുള്ളത് ഒരു തിയറിയും മാനേജരുടെ മുന്നിൽ പോയി നിന്ന് ഫോം പൂരിപ്പിച്ചു നൽകുന്ന പ്രക്രിയ തെളിവുമാണ്. (അറിവിനെ പ്രക്രിയ കൊണ്ട് ന്യായീകരിക്കണം എന്ന അറിവ് ആണ് ശാസ്ട്രീയ രീതി എന്ന അരിസ്റോട്ടിലിയൻ ന്യായ വാദത്തിന്റെ പിന്തുടർച്ച). തമാശ എന്നാലതല്ല, അതെ ശാസ്ത്രീയബോധത്തിൽ പറയാതെ പോകുന്നത് ജീവനുണ്ടെന്നു സ്ഥിരീകരിക്കാൻ ഈ ബാങ്ക് മാനേജർമാരാരും വൈദ്യശാസ്ത്രത്തിൽ അറിവുള്ളവരല്ല എന്നതാണ്. എനിക്ക് ഭ്രാന്തില്ല എന്ന് ഭ്രാന്താലയത്തിലോ, കുറ്റവാളിയല്ല എന്ന് കോടതിയിലോ എഴുതിക്കൊടുത്താൽ വിശ്വസിക്കാത്ത ശാസ്ട്രീയബോധമുള്ളവരാണ് നാംഎന്നിവിടെ മറക്കരുത്. കൂടാതെ, ശാസ്ത്രബോധത്തിന്റെ അച്ചുതണ്ടായ കണക്കിനും അതിലെ കൂട്ടലും കിഴിക്കലും ഗുണനവും ഹരണവും എന്ന നാല് പ്രക്രിയകൾക്കുമുകളിൽ കെട്ടിപ്പടുത്ത എല്ലാ ശാസ്ത്രശാഖകൾക്കും ആധാര ശിലയാകുന്നത് യാതൊരു തെളിവും നൽകാനാകാത്ത പ്രത്യക്ഷമാണ് എന്ന തെളിവുമാത്രമുള്ള മൗലീക തത്വങ്ങളു ള്ളയിടത്തുനിന്നുകൊണ്ടാണ് (axioms ), നാം പലപ്പോഴും മറ്റുള്ളവരുടെ ജീവിതങ്ങളുടെ അത്തരം ആദാരശിലകളെ പ്രക്രിയയുടെ ന്യായീകരണമില്ലെന്ന പേരിൽ ചോദ്യം ചെയ്യുന്നത്. ഉദാഹരണത്തിന് പലരുടെയും ദൈവ വിശ്വാസവും മറ്റുപലരുടെയും നിരീശ്വരവാദവും. കേവലം axiom കളിൽ കെട്ടിപ്പടുത്ത ധാരണാ ബോധത്തിന്റെ (ശാസ്ട്രീയതയുടെ) അടിസ്ഥാനത്തിൽ, മറ്റു ചില അറിവുകളുടെ axiom കളെ ചോദ്യം ചെയ്യുന്നത് അതെ ശാസ്ത്രീയ ബോധത്തിന്റെ അടിസ്ഥാനത്തിൽ കേവലം ഒരു തമാശപരിപാടി മാത്രമാണ്. കാരണം രണ്ടിനും തെളിവ് നൽകാനുള്ള പ്രക്രിയകൾ കണ്ടെത്താനിരിക്കുന്നതെയുള്ളൂ. അല്ലെങ്കിൽ അസാധ്യമായ കാര്യമാണ്. അതുകൊണ്ടാണല്ലോ അവയെ പ്രത്യക്ഷബോധം- axiom എന്നോമനപ്പേരിട്ടു വിളിക്കുന്നത്.
Sreevalsan Thiyyadi, Sudheesh Kumar and 19 others
2 comments
Like
Comment
Share

No comments:

Post a Comment