തെറ്റും ശരിയും തമ്മിലുള്ള അന്തരമെത്രയാണ് ?
ഒരു മനസാക്ഷിയുടെ.
മലയാളത്തിലെ ഒരു മനോഹരമായ വാക്കാണ് മനസാക്ഷി അല്ലെങ്കിൽ മനസ്സെന്ന സാക്ഷി.
മനസ്സാണ്. സാക്ഷികൂടിയാണ്.
ജീവിതത്തിൽ തെറ്റും ശരിയും നേർക്ക് നേർ വരുന്പോൾ, ശരി വഴിതെറ്റിയെന്നു തോന്നുന്പോൾ നമുക്ക് നേരെയുയരുന്ന ചൂണ്ടുവിരലാണ് മനസ്സെന്ന ഈ സാക്ഷി. എന്നും കൂടെ നടക്കുന്നുവെന്ന് കരുതുന്ന എല്ലാം കാണുന്നു എന്ന് കരുതുന്ന ഒരു സാക്ഷി .
ജീവിതത്തിൽ പലരുമൊന്നുമാകാതെ പോകുന്നത്, അല്ലെങ്കിൽ ആകേണ്ടെന്നു തീരുമാനിക്കുന്നത് മൂപ്പരെ കേൾക്കാൻ തുടങ്ങുന്നതോടെയാണ്.
ഭൗതീകജീവിതത്തിൽ വിജയമെന്ന് നാം കൊണ്ടാടുന്ന ഒരു തൊണ്ണൂറ് ശതമാനം കഥകളും പലകാലങ്ങളിൽ പല അവസരങ്ങളിലായി നാം കണ്ണച്ചു കളയുന്ന മൂപ്പരുടെ ചൂണ്ടുവിരലുകളാണ്.
ഒരിക്കൽ നാം കണ്ണടച്ചാൽ മൂപ്പരാക്കാര്യത്തിൽ പിന്നീടൊരിക്കൽ നമ്മുടെ മുന്നിൽ വന്നു നിൽക്കില്ല.
സാക്ഷിമാത്രമാണ് ജഡ്ജിയല്ല.
അങ്ങിനെ കണ്ണടക്കാൻ പഠിച്ചവരാണ് അല്ലെങ്കിൽ കണ്ണടച്ച്, കണ്ണടച്ച് മൂപ്പരെ ജീവിതത്തിൽ നഷ്ടമായവരാണ് നാം ജീവിതത്തിൽ കൊണ്ടാടുന്ന ഭൗതീകതയുടെ ഉച്ചകോടിയിൽ നിൽക്കുന്നവർ ഒട്ടുമിക്കവരും.
സാക്ഷിമാത്രമാണ് ജഡ്ജിയല്ല.
അതിനാൽ തന്നെ സാക്ഷികളില്ലാതായ കുറ്റബോധങ്ങളുടെ കോടതിമുറികളിൽ വാടകക്കെടുത്ത ന്യായീകരണങ്ങളുടെ വക്കീലന്മാർ കേസ്സുകൾ ജയിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ എല്ലാ വിജയങ്ങളും തെറ്റേത് ശരിയേതെന്നറിയാത്ത മനഃസാക്ഷിമാഞ്ഞുപോയ കുറ്റബോധങ്ങൾക്കുമുകളിൽ തീർത്ത ന്യായീകരങ്ങങ്ങളുടെ കൊട്ടാരങ്ങളാകുന്പോൾ, പ്രശ്നപരിഹാരങ്ങളും പാപ പരിഹാരങ്ങളും തിന്നുകൊഴുത്ത ദൈവങ്ങൾ അജീർണം ബാധിച്ചു തളരുന്പോൾ, ധാർമീകതയില്ലാതെ, നീതിബോധമില്ലാതെ ജീവിതം വിജയമെന്ന കേവലം ഒരു കളവു മാത്രമായൊടുങ്ങുന്പോൾ...
ഒടുവിൽ മനസാക്ഷിയെ കേട്ടതുകൊണ്ടുമാത്രം ഒന്നുമാകാതെ, വിജയിക്കാതെ മനസ്സാക്ഷിമാത്രമുള്ളവർ, മനസ്സാക്ഷിയെ കേൾക്കാത്തതിനാൽ എല്ലാമായവർ, വിജയിച്ചവർ മനസാക്ഷി നഷ്ടമായവർ മുഖാമുഖം നിൽക്കുന്പോൾ ...
രണ്ടുപേരും ചോദിക്കും ആർക്കു വേണ്ടിയായിരുന്നു എന്തിനു വേണ്ടിയായിരുന്നു
ഒരുപക്ഷെ അപ്പോഴും മനസാക്ഷി ഒരു ചുണ്ടുവിരലായി ...
No comments:
Post a Comment