Thursday, December 8, 2022

സത്യം

 "സത്യം പറയണം" ചെറുപ്പം മുതൽ ഞാൻ കേട്ടുപഠിച്ചൊരു നിർദ്ദേശമാണ്. വീട്ടിൽ, സ്കൂളിൽ, സുഹൃത്തുക്കളുടെ ഇടയിൽ, വായിച്ച പുസ്തകങ്ങളിൽ, പറഞ്ഞു കേട്ട കഥകളിൽ എല്ലാവരും വീണ്ടും, വീണ്ടും പറഞ്ഞു പഠിപ്പിച്ചൊരു കാര്യമാണീ സത്യം പറയണമെന്നുള്ള താക്കീത്.

നുള്ളലും അടിയും മുതൽ ദൈവ കോപവും നരകവും വരെ നീളുന്ന ഒരു നീണ്ട ശിക്ഷ നിരതന്നെ ഇതിനായി സമൂഹം നമുക്ക് ചുറ്റും ഒരുക്കി വച്ചിട്ടുമുണ്ട്. വലുതായപ്പോൾ സത്യത്തെയും വിശ്വാസത്തെയും തിരിച്ചറിയാത്തവിധം കൂട്ടിക്കുഴച്ചു ബന്ധങ്ങൾ മാറ്റുരക്കാറുണ്ട്. ഗാന്ധിയെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ സത്യത്തിന്റെ അപ്രമാദിത്വത്തെക്കുറിച്ചു നീട്ടിവലിച്ചെഴുതിയ പുസ്തകങ്ങൾ തന്നെ പുറത്തിറക്കിയിട്ടുണ്ട്. കോടതികളിൽ സത്യമേ പറയു എന്ന് സാക്ഷികളെ കൊണ്ട് സത്യം ചെയ്യിക്കറുണ്ട്. അപേക്ഷകളയാക്കുന്പോൾ അടിവരയിട്ടു സത്യം മാത്രമാണ് ബോധിപ്പിക്കുന്നതെന്നു ഒപ്പു വെക്കാറുണ്ട്. അങ്ങിനെ ജീവിതത്തിന്റെ എല്ലാ അവസരങ്ങളിലും എവിടെയൊക്കെ നിന്നോ പൊട്ടിമുളക്കാവുന്ന ഒരു കളവിനെ ഭയന്ന്, നാമെല്ലാവരും ജനനം മുതൽ മരണം വരെ വീണ്ടും, വീണ്ടും സത്യം പറയുമെന്നാണായിട്ട് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അല്ലെങ്കിൽ പറയിച്ചുകൊണ്ടേയിരിക്കുകയാണ്.
കളവെന്ന ആ ഭയം നമ്മിലടിച്ചുറപ്പിക്കുന്പോഴും, നമുക്ക് ചുറ്റും ഒരു പക്ഷെ നമ്മളിൽ തന്നെ ഒട്ടേറെ കള്ളങ്ങൾ അല്ലെങ്കിൽ അസത്യങ്ങൾ പെറ്റു പെരുക്കുകയാണ് . അതുകൊണ്ടായിരിക്കാം മതങ്ങളും ചരിത്രങ്ങളും സത്യത്തെ ത്യാഗത്തിന്റെയും ബുദ്ധിമുട്ടുകളുടെയും കൂട്ടത്തിൽ മാത്രമെന്നും അടയാളപ്പെടുത്തുന്നതും. ബൈബിൾ "ദൈവം അസത്യത്തെ (ദുഷ്ടനെ) പനപോലെ വളർത്തമെന്നു പറയുന്നത് അതുകൊണ്ടായിരിക്കാം. ആത്യന്തീകമായി ജയിക്കുന്ന സത്യം, അങ്ങിനെയാണ് പലപ്പോഴും അസത്യങ്ങൾക്കു മുൻപിൽ പരാജിതനാകുന്ന സത്യവാന്മാരെ മതങ്ങൾ സമാധാനിപ്പിക്കുന്നത്. ജയിക്കുന്ന കളവും ആത്യന്തീകമായി ജയിക്കുന്ന സത്യവും എല്ലാകാലത്തും നമ്മുടെ സിനിമ കഥകളുടെയും മറ്റും ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോര്മുലയും കൂടിയാണ്. ഒരു വശത്തു ഭയവും മറുവശത്ത്‌ ആത്യന്തീക വിജയവും, മറ്റൊരു വശത്തു ത്യാഗവും വേറൊരു വശത്തു സന്മാർഗീകതയിലൂടെ നേടാവുന്ന നന്മകളും പ്രതിഷ്ഠിച്ചോരു അത്ഭുത പ്രതിഭാസമാണ് സത്യം.

ഇവക്കിടയിലെവിടെയോ തടഞ്ഞു നിൽക്കുന്ന കുറ്റബോധവും വേദനയും കൂടിയാകുന്പോൾ സത്യമെന്ന അബ്സ്ട്രാക്ട് (അമൂർത്ത) മുഴുവനാകുന്നു.

സത്യം പറഞ്ഞവന് വെടിയുണ്ട, വഴികാട്ടിയവന് മുൾക്കുരിശ്, എന്ന് പി കുഞ്ഞിരാമൻ നായർ പാടുന്പോൾ സത്യം അപ്രിയമായൊരു ലോകത്തെക്കുറിച്ചാണ് പറയുന്നത്. അപ്രിയമായ സത്യങ്ങൾ പറയുകയോ തിരിച്ചറിയുകയോ ചെയ്യുന്പോൾ നഷ്ടമാകുന്നത് പലപ്പോഴും സ്നേഹബന്ധമോ വിശ്വാസമോ ആണ്. എന്നാൽ പറയാതിരിക്കുന്പോൾ അല്ലെങ്കിൽ അപ്രിയ സത്യം പറയാതെ നിശ്ശബ്ദരാകുന്പോൾ, ആ നിശബ്ദതയിൽ കള്ളമില്ലെങ്കിലും നഷ്ടങ്ങളില്ലാതിരിക്കാനുള്ള കരുതലുണ്ടെങ്കിലും ചരിത്രത്തിലെന്നും അത്തരം നിശ്ശബ്ദതകൾ അധികാരങ്ങൾ നിലനിർത്തുന്നു.

ഭൂരിപക്ഷ സൗകര്യങ്ങള്ക്കനുസരിച്ചു വെടിയുണ്ട തീർത്തവൻ തീവ്രവാദിയോ രാജ്യസ്നേഹിയോ എന്നുള്ള തിരിച്ചറിവ് ആ നിശബ്ദതയിൽ നഷ്ടമാക്കാനാകും. കള്ളം പറയുന്നില്ല. അപ്രിയമായ ഒരു സത്യം പറയാത്ത നിശ്ശബ്ദതമാത്രമാണത്. സത്യം പറയണം എന്ന് എന്നെ കുഞ്ഞുനാളുതൊട്ടു പഠിപ്പിച്ച ഒരു സംസ്കാരത്തിന്റെ പിന്തുടർച്ച. ഏകദേശം രണ്ടായിരത്തി തൊള്ളായിരം കൊല്ലങ്ങൾക്കു മുന്പെഴുതിയ ബൃഹദാരണ്യക ഉപനിഷത്തിലെ വായിക്കാനറിയാത്ത സാധാരണക്കാർക്കുപോലും പരിചിതമായൊരു മന്ത്രമുണ്ട്
असतो मा सद्गमय
तमसो मा ज्योतिर्गमय
मृत्योर्मा अमृतं गमय
ॐ शान्तिः शान्तिः शान्तिः
അസത്യത്തിൽ നിന്നും സത്യത്തിലേക്കും
അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കും
മൃത്യുവിൽ നിന്നും അമരതത്വത്തിലേക്കും നയിക്കുമാറാകട്ടെ
ഓം ശാന്തി ശാന്തി ശാന്തി :
എന്ന പ്രാർത്ഥനാ മന്ത്രം .
ഭൗതീകതയുടെ നഗരപ്രാന്തങ്ങളിൽ നിന്നും വിട്ടു, കാട്ടിനുള്ളിൽ നിന്നും കാടിന്റെ പൊരുളായി (ആരണ്യകം) യജ്ഞവാക്യൻ എഴുതി എന്ന് കരുതപ്പെടുന്ന ഈ പുസ്തകത്തിലെ ഈ പ്രാർത്ഥനാ മന്ത്രം എന്നും എന്നെ കുഴക്കിയിട്ടുള്ളൊരു തത്വശാസ്ത്രമാണ്. അന്ധകാരത്തെ വെളിച്ചത്തിനോടും, മൃത്യുവിനെ അമരതത്വത്തിനോടും ഒരു ബൈനറി നിർമ്മിക്കുന്പോൾ സത്യത്തെ കളവിൽ നിന്നല്ല അസത്യത്തിൽ നിന്നാണ് മോചനം നേടാൻ സഹായിക്കണമെന്ന് യജനവാക്യൻ പ്രാർത്ഥിക്കുന്നത്. അസത്യം കള്ളമല്ല. കള്ളം സത്യത്തെ നിരാകരിക്കുന്നതാണ്. എന്നാൽ അസത്യം സത്യത്തെ പ്രിയവും അപ്പ്രിയവുമായി കണ്ടു സ്വതാല്പര്യത്തിനനുസരിച്ചുപ്രയോഗിക്കുന്ന സാമർത്യമാണ്. കള്ളം സത്യമെന്ന തത്വത്തെ കാണാൻ കഴിയായ്കയാണ് എന്നാൽ അസത്യം സത്യമെന്തെന്നറിഞ്ഞിട്ടും സ്വാർത്ഥതാൽപ്പര്യ രക്ഷാർത്ഥം അതിന്റെ തിരസ്കരണമാണ്.
ഇന്ത്യൻ തത്വശാസ്ത്രത്തിൽ ദൈവത്തെ സ്വീകരിക്കുന്ന തത്വ ശാസ്ത്രങ്ങൾക്കും ദൈവത്തെ നിരാകരിക്കുന്ന തത്വ ശാസ്ത്രങ്ങൾക്കും ഒരുപോലെ കരണഭൂതമായ ബൃഹദാരണ്യക ഉപനിഷത്തെഴുതിയ യജ്ഞവാക്യൻ എന്നാൽ സത്യത്തെ അമരത്വത്തിനും പ്രകാശത്തിനും സമാനമായൊരവസ്ഥയായി ആണ് കാണുന്നത് എന്ന് ഈ മന്ത്രത്തിൽ നമുക്ക് കാണാം. സത് എന്ന സംസൃത പഥത്തിൽ നിന്നാണ് സത്യം വരുന്നത്. സത് ന്റെ അർഥം അചഞ്ചലമായത്, നൈർമല്യമുള്ളത്, ശാശ്വതമായത് എന്നൊക്കെയാണ്. അസത് എന്ന പഥത്തിൽ നിന്നാണ് അസത്യം വരുന്നത്. അസത് എന്നാൽ ചാഞ്ചല്യമുള്ളതും, മാലിന പൂർണവും, വ്യാജവുമാണ്‌. കള്ളം സത്യത്തിന്റെ ബൈനറിയോ അസത്യമോ അല്ല. അസത്യത്തിൽ വിശ്വാസഘാതമുണ്ട്. വഞ്ചനയുണ്ട്. ചരിത്രത്തിലെന്നും മനുഷ്യൻ പോരാടിയിരിക്കുന്നത് വിശ്വാസങ്ങൾക്ക് വേണ്ടിയാണെന്ന് ഓർക്കുക.
തമാശ അവിടെയല്ല. രണ്ടായിരത്തി തൊള്ളായിരം കൊല്ലങ്ങളിക്കൾക്കപ്പുറത്തു പോലും സത്യത്തിൽ നിന്നും അസത്യത്തിലേക്ക് വഴി തെറ്റരുതേ എന്ന് പ്രാര്ഥിക്കുന്നതിനു പകരം അസത്യത്തിൽ നിന്നും സത്യത്തിലേക്ക് നയിക്കണമേ എന്ന് പ്രാര്ഥിക്കേണ്ടൊരാവസ്ഥയാണ് ഈ രാജ്യത്ത് നിലനിന്നിരുന്നതെന്നോർക്കണം. ഇന്നും എല്ലാവരും സത്യം പറയണമെന്ന് പറയുന്നതിന്റെ കൂടെ കള്ളം പറയരുതെന്നുകൂടി പറയുന്പോഴും, കള്ളം പറഞ്ഞാലും അസത്യമരുതെന്ന് പറയാൻ മടിക്കുകയാണ് .
എവിടെയാണ് സാർവ്വ ലൗകീകതയുടെ സത്യങ്ങൾ വംശീയ വെറിയുടെ അസത്യങ്ങളുടെ തെരുക്കൂത്തുകളായി പിഴച്ചുപോയത് .
കള്ളമല്ല, അസത്യമാണ് സത്യത്തിന്റെ ബൈനറി എന്ന് നമ്മെ പഠിപ്പിച്ച യജ്ഞവാക്യൻ ബൃഹദാരണ്യക ഉപനിഷത്തിൽ അത്തരക്കാർക്കായി ഒരു ധാർമീകതയോർമിപ്പിക്കുന്നുണ്ട്
"ആഗ്രഹങ്ങളാലാണ് വ്യക്തികൾ
ആഗ്രഹങ്ങൾക്കനുശ്രുതമാണ് ഓരോരുത്തരുടെയും തീരുമാനങ്ങൾ
തീരുമാനങ്ങൾ പോലെയായിരിക്കും ഓരോരുത്തരുടെയും കർമങ്ങൾ
കർമാനുശ്രുതമായിരിക്കും, ഫലങ്ങളും
ചെയ്യുന്ന കർമ്മങ്ങളുടെയെല്ലാം ഫലം ഓരോരുത്തരും കൊയ്യുക തന്നെ ചെയ്യും"
ആഗ്രഹങ്ങളാണ് സത്യത്തെ പ്രിയവും അപ്പ്രിയവുമാക്കുന്നത്‌. അസത്യത്തിലേക്ക് നയിക്കുന്ന അപ്രിയ സത്യങ്ങളെ നിശ്ശബ്ദമാക്കുന്നത്. അതിനാലാണ് ഇതെഴുതി എണ്ണൂറുവർഷങ്ങൾക്കു ശേഷം ബുദ്ധൻ അത്തരം ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ പഞ്ച ശീലങ്ങളും അഷ്ട പദ്ധതിയും കൊണ്ടുവന്നത്. മഹാവീരൻ വന്നു. വൈഷ്ണവ, ശൈവ സന്യാസിമാർ വന്നു, വേദാന്തികൾ വന്നു, ഗുരു നാനാക്ക് വന്നു, കബീർ വന്നു, സൂഫി വര്യന്മാർ വന്നു. എന്നിട്ടും വംശീയ വെറി എന്ന അസത്യം ജാതി ബോധമെന്ന അസത്യം അധികാര ഭ്രാന്തെന്ന അസത്യം തെരുവിലിന്നും നിറഞ്ഞൊഴുകികൊണ്ടേയിരിക്കുകയാണ്.
ആഗ്രഹങ്ങൾക്ക് അതിരില്ലെന്നും എല്ലാം വെട്ടിപ്പിടിക്കാനുള്ളതാണെന്നും പറഞ്ഞു പഠിപ്പിക്കുന്ന കാപിറ്റലിസ്റ് സാമൂഹിക വ്യവസ്ഥയിൽ ആകാശം മലിനമാകുന്പോൾ മണ്ണ് മരിക്കുന്പോൾ ജലം നശിക്കുന്പോൾ സത്യം പറയാതെ സത്യമറിയാതെ നിശ്ശബ്ദതയെന്ന അസത്യത്തിൽ കണ്ണടച്ചൊതുങ്ങുന്പോൾ, സത്യത്തിന്റെ ബൈനറി കള്ളമല്ല അസത്യമാണെന്ന് മൂവായിരം കൊല്ലങ്ങൾക്കപ്പുറം കണ്ടെത്തിയൊരു സമൂഹത്തിൽ എവിടെയാണ് സത്യത്തിനു തെറ്റുപറ്റിയത് ?
ഒരു പക്ഷെ മണ്ണറിയാതെ, മാനമറിയാതെ, വെള്ളമറിയാതെ വെട്ടിപ്പിടിക്കുന്പോൾ, വിതച്ചത് കൊയ്യുക തന്നെ ചെയ്യും എന്ന് പറഞ്ഞത് മറക്കുന്ന അസത്യമരുതെന്ന് പറയാൻ മടിക്കുന്നൊരു സമൂഹത്തിലെ ഡെവലൊപ്മെന്റിന്റെ (വികാസത്തിന്റെ) കർമ്മ ഫലമാകാം ?
യജ്ഞവാക്യൻ ഓർമിപ്പിക്കുന്നു
"ആഗ്രഹങ്ങളാലാണ് വ്യക്തികൾ
ആഗ്രഹങ്ങൾക്കനുശ്രുതമാണ് ഓരോരുത്തരുടെയും തീരുമാനങ്ങൾ
തീരുമാനങ്ങൾ പോലെയായിരിക്കും ഓരോരുത്തരുടെയും കർമങ്ങൾ
കർമാനുശ്രുതമായിരിക്കും, ഫലങ്ങളും
ചെയ്യുന്ന കർമ്മങ്ങളുടെയെല്ലാം ഫലം ഓരോരുത്തരും കൊയ്യുക തന്നെ ചെയ്യും"

No comments:

Post a Comment