Sunday, October 16, 2016

മൃഗീയ മലയാളിയുടെ പ്രാകൃത മനുഷ്യത്വം


പഴയൊരു ഓസ്ട്രിയൻ കഥയെടുത്തൊരു സിനിമയുണ്ട്. നസീകാലത്തെയാണ്. ഓസ്ട്രിയൻ തെരുവിൽ ഒരുകൂട്ടം റെബലുകൾ ഒരു ബോംബ് വെക്കുന്നു. പത്തു ഇരുപതോളം നാസി പടയാളികൾ മരിക്കുകയോ അപകടപ്പെടുകയോ ചെയ്യുന്നു. ഉടൻ നാസി ഹെഡ്‍കോട്ടറിൽ നിന്നും ഉത്തരവ് വരുന്നു. ഓരോ നാസി പടയാളിക്കും പകരമായി പത്തു ഓസ്ട്രിയൻ പടയാളികൾ കൊല്ലപ്പെടണം. അവസാനം ബോംബ് വെക്കലുമായി യാതൊരു ബന്ധവുമില്ലാത്ത ഇരുന്നൂറിലേറെ ജയില്പുള്ളികളും മറ്റുപലരും വെടിവച്ചു കൊല്ലപ്പെട്ടു.
കേരളം രണ്ടായിരത്തി പതിനാറ്. ചിലരെ തെരുവ് നായി കടിക്കുന്നു. അപകടപ്പെടുത്തുന്നു. കേരളമാകെ കൊലവിളി തുടങ്ങുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളടക്കമുള്ളവർ, കടിച്ചവനെ കിട്ടിയില്ലെങ്കിലും, കടിച്ച ഒരു പട്ടിക്കുപകരം പത്തെണ്ണം വച്ച് കൊന്നു കൊലവിളി വിളിക്കുന്നു. കേരളമാകെ ഹർഷാരവം മുഴങ്ങുന്നു. കൈകൊട്ടുന്നവരിൽ ഒരാളും തിരിഞ്ഞു നിന്ന് അവയെ തെരുവിൽ നിന്നകറ്റി ജീവിക്കാനനുവദിക്കുന്ന കാര്യം പറയുന്നില്ല. അഥവാ അങ്ങിനെ വല്ലവരും പറഞ്ഞാൽ, ആ പറഞ്ഞവനെയെല്ലാം തെറി വിളിക്കുന്നു. പിന്നേ ചിലവിന്റെ കണക്കു പറഞ്ഞു അച്ഛനും അമ്മയ്ക്കും വരെ വിളിക്കുന്നു.
സൗമ്യ വധക്കേസിൽ പരമോന്നതകോടതി വസ്തുനിഷ്പക്ഷതമായി ഒരു വിധി പ്രഖ്യാപിക്കുന്നു. കൊലക്കു മറുകൊല മാത്രമാണുത്തരമെന്ന പ്രാകൃത മാനസികോല്ലാസത്തോടെ ആക്രോശിച്ചുകൊണ്ടു മലയാളികൾ നീതിപീഠത്തെയും, നീതി വ്യവസ്ഥയെയും, ഭരണകൂടത്തെയും കടന്നാക്രമിക്കുന്നു. അതും പോരാഞ്ഞു സർക്കാർ വക്കീലിനെയും, അയാളുടെ കറകളഞ്ഞ പത്രപ്രവർത്തനം നടത്തുന്ന സഹോദരനായ പത്രാധിപരെയും, അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ സമുന്നതയായ പത്രപ്രവർത്തകയായ ഭാര്യയെയും ഇതിൽ ഭാഗഭാക്കാക്കി എല്ലാവരെയും ഒരു തെളിവും തിരയാതെ തെറിവിളിക്കുന്നു. മലയാളീ സമൂഹം അത് കൊണ്ടാടുന്നു.
അവസാനം ഏറെ ബഹുമാനമർഹിക്കുന്ന വളരെയധികം കാര്യങ്ങൾ കേരളത്തിന്റെ പ്രകൃതിക്കും മലയാളീ സമൂഹത്തിനും ചെയ്ത സുഗതകുമാരി ടീച്ചർ ഒരു തെറ്റായ കാര്യം പറഞ്ഞപ്പോൾ, അത് തെറ്റാണെന്നു പറയുന്നതിന് പകരം, അവർക്കു തെറ്റുപറ്റി എന്ന് പറയുന്നതിന് പകരം, അവരുടെ സംഭാവനകളെല്ലാം മറന്നു അവരെ വ്യക്തി ഹത്യ ചെയ്യുന്ന, അവർ ഒരു രാഷ്ട്രീയ കക്ഷിയായ ബിജെപിയുടെ നേതാവിനെ കണ്ടു എന്ന ചിത്രം വച്ചു അവരെ വർഗീയ വാദിയെന്നു ചിത്രീകരിക്കാനൊരുങ്ങുന്ന മലയാളികളെ നിങ്ങൾക്കു നമോവകം.
മലയാളികളായ എന്റെ സുഹൃത്തുക്കളെ നിങ്ങള്ക്ക് ഹിറ്റലറുടെ നാസിസം ബാധിച്ചിരിക്കുകയാണ്. ഒരു തരം നാർസിസിസ്റ്റിക് മാനിയാക്ക് കോംപ്ലക്സ്. തന്റെ ചിന്തകൾക്കും വരുതിക്കുമപ്പുറം ആരും ഒന്നുമുണ്ടാകരുതെന്ന, അങ്ങിനെയുണ്ടായാൽ അവരെ വംശനാശം വരുത്താനുള്ള ഒരുതരം മൃഗീയ പ്രാകൃത മനുഷ്യത്വം.
തെമ്മാടിത്തത്തിനൊരതിരുണ്ട്‌ സുഹൃത്തുക്കളെ

No comments:

Post a Comment