Monday, September 25, 2017

two notes to shinoj

1
ഷിനോജ്, വ്യക്തി, വിശ്വാസം, സാമുദായിക പ്രതിബദ്ധത എന്നീ സാമൂഹീക ബിംബങ്ങൾക്കുള്ളിൽ കലയുടെ അക്കാദമിക ചരിത്രമൂല്യം സ്വംശീകരിച്ചു കലയെയും കലാകാരനേയും സാംസ്കാരിക പ്രതിബിംബങ്ങളാക്കി സാമൂഹ്യ അധികാരശ്രേണിയുടെ സൂചികകൾ തായ്യാറാക്കുക എന്ന ഇരുപതാം നൂറ്റാണ്ടിലെ സാന്പ്രദായീക അക്കാദമിക ആശയമായ ജേർണൽ സംസ്കാരത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്ര തന്നെ പ്രാധാന്യം ഉണ്ട് എന്നു കൂടി നാം കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. രക്ഷാധികാരികളിൽ തുടങ്ങി ഗാലറികളിലെത്തി, ബിനാലെകൾ കടന്നു ആര്ട്ട് ഫൈറിലെത്തി മോഡെർണിസത്തിന്റെയും പോസ്റ്റ് മോഡെർണിസത്തിന്റെയും വാൿദ്വാരകൾക്കടിപ്പെട്ടു തകർന്നു നിൽക്കുന്ന മുഖ്യധാരാ കലാ ലോകത്തിന്റെ ജീർണതകൾ കൂടി ഇവിടെ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു . അതുകൂടാതെ യൂറോപ്പിലെ മാനിഫെസ്റ്റ, നാഗരിക ഭാഷയുടെ അക്കാദമിക യാന്ത്രികതക്കും നിശ്ചലതക്കുമപ്പുറം മറ്റു മാനങ്ങൾക്കായി വേരുകൾ തേടി ഗ്രാമങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്ന വിഹ്വലതകളും കലാലോകത്തിലെ അക്കാദമിക സംസ്കാരത്തിലുടലെടുത്ത അപചയത്തിന്റെ ഒരു നേർ കാഴ്ചയാണ്. മൂത്ര കക്കൂസിൽ തുടങ്ങി അമേദ്യം ടിന്നിലാക്കിയ ആശയ കലകളുടെ പ്രവക്താക്കളായി മാറിയ ഘടനാവാദികളുടെയും പോസ്റ്റ് മോഡെർണിസ്റ്റുകളുടെയും അക്കാദമിക ചരിത്ര-ചിന്താ വ്യാഖ്യാനങ്ങൾക്കപ്പുറത്തു കലയെ വാക്കുകൾ കണ്ടെത്തത്തെടുത്തോളം കാലം, കലയിലെ കലാകാരന്റെ പങ്കിനെ, ക്രഫ്റ്റിനെ അനുഭവിച്ചറിയാതിടത്തോളം കാലം, കലയിൽ വാക്കിന്റെ പ്രതീകാത്മക പ്രസക്തി ചോദ്യം ചെയ്യേണ്ടപ്പെടേണ്ടിയിരിക്കുന്നു . അതിനാൽ ഷിനോജ് ആഗ്രഹിക്കുന്ന കലയിലെ എഴുത്തുകൾ, ചരിത്രം അല്ലെങ്കിൽ അതിനനുബന്ധപെട്ട ചിന്തകൾ വരെ കൊള്ളാം, എന്നാൽ നിലവിലുള്ള കലയെയും, കലാകാരനേയും ചരിത്രത്തിന്റെയും ചിന്തയുടെയും ചതിക്കുഴിയിൽ വീഴ്‌ത്തി കൊട്ടിലിൽ കെട്ടുന്ന ആനയാക്കി വളർത്തുന്ന പോസ്റ്റ് മോഡെർണിസ്റ് വാക്ചാതുര്യമായി അത് അവസാനിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു

2

ഷിനോജ്, മുഖ്യധാരാ കലാ ലോകത്തിന്റെ ജീർണതകൾ എന്നുദ്ദേശിച്ചതിതൊക്കെ തന്നെയായിരുന്നു. കാഴ്ചക്കാരനും കലാകാരനും ഒന്ന് തന്നെയാണെന്ന് താങ്കൾ പറഞ്ഞതിനോട് പൂർണമായും യോചിക്കുന്നു . പാശ്ചാത്യ കലയിൽ അറുപതുകളിൽ തന്നെ അംഗീകരിച്ച "റെഡിമേഡ് " കലകൾ കലയിൽ വരുത്തിയ വ്യതിയാനം തന്നെ ഇതായിരുന്നല്ലോ. ആ ആശയത്തെ വിഗ്രഹവൽക്കരിച്ചു കല "സെൻസോറിയൽ മെറ്റീരിയലിറ്റി" (അനുഭവത്തിനുള്ള ആശയത്തിന്റെ ഭൗതീക പ്രകാശനം) അല്ലെന്നും അത് പ്രതീകാത്മക വായനക്കുള്ള അക്ഷരഘടനകൾ മാത്രമാണെന്നുമുള്ള സെമിയോട്ടിക്/പോസ്റ്റ് മോഡെർണിസ്റ് (ഉത്തരാധുനിക) സങ്കൽപ്പങ്ങളുടെ മറപിടിച്ചു, കല ചെയ്യുന്നവരുടെ ആശയങ്ങൾക്ക് പ്രമാധ്യമില്ലെന്നും (death of Author), കലാവായിക്കുന്നവനും അത് വിശകലനം (critical reading ) ചെയ്യുന്നവർക്കുമാണ് അപ്രമാദിത്യം എന്ന തെറ്റിദ്ധാരണ വളർത്തിയെടുത്തു, കലയിലെ കലാകാരനേ പാർശ്വവൽക്കരിച്ചു അക്ഷരങ്ങളുടെ മാറിമായമാക്കിയ അക്കാദമിക സൈദ്ധാന്തിക എഴുത്തു സമൂഹത്തിന്റെ അപകടത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്. കലയിലെ കൈ കാര്യപ്രമാദ്ധ്യമുള്ളവരെ തരംതാഴ്ത്തി, വാക്ചാതുര്യ പ്രാമാണ്യത്തെ കൊണ്ടാടുന്ന ജാതിവ്യവസ്ഥയുള്ള ഇന്ത്യയിൽ, ഈ ഉത്തരാധുനിക പ്രക്രിയ, ജാതി വ്യവസ്ഥാ രീതിയുടെ കലാരംഗത്തെ പുനരാവിഷ്കാരമാകുന്നത് നാം കാണാതെ പോകരുത് . ഈ അക്കാദമിക സമൂഹം ജനകീയ മാധ്യമങ്ങളിലെ (മാസ്സ് മീഡിയ) അക്ഷരങ്ങളുടെ അപ്രമാദിത്യം കൂടി കൈയ്യാളി, ഇത് കലയാണ്, ഇത് കലയല്ല, ഇത് കലാകാരനാണ് ഇതു കലാകാരനല്ല എന്നു നിർവചിക്കാനുള്ള അധികാരമാക്കി അതിനെ മാറ്റുകയും , അതിലൂടെ അതൊരു കച്ചവടമാക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന കലയിലെ അപചയങ്ങൾക്കു ഒരു വലിയ പരിധിവരെ കാരണം. ഈ പ്രക്രിയയുടെ ഏറ്റവും ദയനീയത, ഇന്ത്യൻ കല പാശ്ചാത്യ സമൂഹത്തിന്റെ ചിന്താസരണികളുടെ സംശോധനമാകണമെന്ന ഇവരുടെ കടുംപിടുത്തമാണ്, അല്ലെങ്കിൽ ഈ പ്രക്രിയ ഇന്ത്യൻ കലയെ പാശ്ചാത്യ ദൃശ്യ സംസ്കാരത്തിന്റെ പതിപ്പ് മാത്രമാക്കി ഒതുക്കി നിർത്തും എന്ന സത്യത്തെ ഒളിച്ചു വെച്ചു എന്നതാണ് 

അതുകൊണ്ടാണ് "നിലവിലുള്ള കലയെയും, കലാകാരനേയും ചരിത്രത്തിന്റെയും ചിന്തയുടെയും ചതിക്കുഴിയിൽ വീഴ്‌ത്തി കൊട്ടിലിൽ കെട്ടുന്ന ആനയാക്കി വളർത്തുന്ന പോസ്റ്റ് മോഡെർണിസ്റ് വാക്ചാതുര്യമായി അത് അവസാനിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു" എഴുതിയതു. 
തീർച്ചയായും മലയാളത്തിൽ ജനകീയ ചർച്ചകളോടെ കലയെക്കുറിച്ചു കൂടുതൽ എഴുത്തുകൾ ഉണ്ടാകട്ടെ എന്ന് ഞാനും എല്ലാവരെയും പോലെ പ്രത്യാശിക്കുന്നു. ഈ ചർച്ച തുടങ്ങിയതിനു ആശംസകൾ

No comments:

Post a Comment