Monday, June 12, 2017

ആദി ശങ്കരനെയും, ഇ എം എസിനെയും , നാരായണ ഗുരുവിനെയും വെറുത്ത വിടുക


സുധാകരൻ സഖാവിന്റെ ആദി ശങ്കരനെ കുറിച്ചുള്ള പരാമർശം ചരിത്രപരമായി ഒരു തെറ്റായ വസ്തുതയാണ്. ബുദ്ധമതത്തിന്റെ അപചയം, ശങ്കരൻ ജനിക്കുന്നതിനു എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് ഇന്ത്യയിൽ നടന്നു കഴിഞ്ഞിരുന്നു. ഇന്നത്തെ ഇന്ത്യൻ പ്രദേശം ക്രി.പി. 320 തൊട്ടു ഭരിച്ചിരുന്ന ഗുപ്ത സാമ്രാജ്യം മുതൽ, പല്ലവ,ചേര, ചോള, പ്രതിഹര സാമ്രാജ്യങ്ങൾ വരെ മുഴുവനും ഹിന്ദു രാജ്യങ്ങൾ ആയിരുന്നു. ആദി ശങ്കരൻ ജനിക്കുന്നത് ഏഴാം നൂറ്റാണ്ടിന്റെ പകുതിയോടെ മാത്രമാണ് .
ബുദ്ധൻ ജീവിച്ചിരിക്കുന്പോൾ തന്നെ, ബുദ്ധനെ ചോദ്യം ചെയ്തുകൊണ്ടുള്ള അഭിപ്രായ വത്യാസങ്ങൾ സംഘത്തിൽ ഉടലെടുത്തിരുന്നു എന്നതു ചരിത്ര വസ്തുതയാണല്ലോ. ഇത് പിന്നീട് പല വിഭാഗങ്ങളിലേക്കുള്ള വിഭജനത്തിലേക്കും വൈജ്ഞാനിക അപചയത്തിലേക്കും നയിച്ചു എന്നതും എഴുതപെട്ട ചരിത്രമാണ്. അശോകൻ പ്രചരിപ്പിച്ച ബുദ്ധിസം തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ആശയങ്ങൾ ആണെന്ന് കൂടി ഓർക്കേണ്ടിയിരിക്കുന്നു.
അതുകൊണ്ടു തന്നെ ഏഴാം നൂറ്റാണ്ടിന്റെ പകുതിയിൽ ജനിച്ച "ആദി ശങ്കരൻ ബുദ്ധമതത്തെ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കി" എന്ന് തുടങ്ങിയ ഹിന്ദു സമുദായത്തിന്റെ വലിയ അവകാശവാദത്തിൽ എന്തെങ്കിലും കഴന്മ്പുണ്ടെന്നു കരുതുന്നത് ചരിത്ര പരമായ ഒരു വലിയ തെറ്റായിരിക്കും. സ.ഇ എം എസ്സും , സ. സുധാകരനും ആ അവകാശ വാദം ആവർത്തിക്കുന്നു എന്നത് അത്ഭുത പെടുത്തുന്ന കാര്യവുമാണ്.
അതെ സമയം ഹിന്ദു സമൂഹത്തിന്റെ ആ അവകാശവാദം മാറ്റിവച്ചു വസ്തു നിഷ്പക്ഷമായി അവലോകനം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ തത്വ ചിന്തയ്ക്കു ആദി ശങ്കരൻ നൽകിയ സംഭവന അപ്രമാദവുമാണെന്ന് കാണാവുന്നതാണ്. ഗുപ്ത കാലഘട്ട പിന്തുണയോടെ ഇന്ത്യയിൽ വളർന്നു വന്ന ആചാരാനുഷ്ടാനധിഷ്ഠിതമായ ബ്രാഹ്മണിക്കൽ മീമാംസക ചിന്തയ്ക്കെതിരെ അതി ശക്തമായ ഒരു പ്രതിരോധമുയർത്തുന്നതിനും അതിനു ബദലായി ഒരു ബൗദ്ധീക ചിന്താ പദ്ധതി അവതരിപ്പിച്ചു, ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ഇന്ത്യൻ തത്വ ചിന്താ ശ്രേണികളെ പുനരുജ്ജീവിപ്പിക്കുന്നതിലും ആദി ശങ്കരന്റെ പങ്കു ആർക്കും തള്ളി പറയാവുന്നതല്ല.
ആദി ശങ്കരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമുള്ള ഒരു സംഭവമായി കരുതുന്നത് മീമാംസകനായ മണ്ടന മിശ്രയെ തർക്കത്തിലൂടെ പരാജയ പെടുത്തിയതാണെന്നു കൂടി ഓർക്കുക. കൂടാതെ അതിനുശേഷം, പതിനഞ്ചാം നൂറ്റാണ്ടു വരെ ശങ്കരന്റെ അദ്വൈത സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും ഇന്ത്യൻ തത്വചിന്തയിലുണ്ടായ അത്ഭുതകരമായ വളർച്ച ശങ്കരനുയർത്തിയ ബൗദ്ധീക തലത്തിലുള്ള വെല്ലുവിളിയുടെ സാക്ഷി പത്രവുമാണ്. ഈ വെല്ലു വിളിയിൽ അന്ന് നിലനിന്നിരുന്ന എല്ലാ തത്വ ചിന്തകളും ഉൾപ്പെട്ടിരുന്നു. ബുദ്ധമത തത്വങ്ങളും അതിൽ നിന്ന് വേറിട്ട് നിന്നിരുന്നില്ലെന്നു മാത്രം. ആദി ശങ്കരന്റെ നേതൃത്വത്തിൽ സ്ഥാപിതമായ നാല് മഠങ്ങളും മറ്റു അഘാടകളും , അന്ന് നിലവിലിരുന്ന ബുദ്ധ- ജൈന മഠങ്ങളുടെയും സംഘങ്ങളുടെയും മാതൃകയിൽ അദ്വൈത തത്വ ചിന്ത പ്രചരിപ്പിക്കാൻ സ്ഥാപിച്ചു എന്നതിലപ്പുറം, ഇന്ന് ഹിന്ദുത്വ വാദികൾ അവകാശപ്പെടുന്നത് പോലെ ഹിന്ദു മതം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നെല്ലാം പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ മഠങ്ങളും അഘാടകളും ഇന്നും ഹിന്ദു മതത്തിലെ വേറെയേതെങ്കിലും തത്വ ചിന്ത അനുശാസിക്കുന്നതായോ പ്രചരിപ്പിക്കുന്നതായോ കാണാൻ പറ്റുന്നതല്ല. ശങ്കരൻ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്വൈതം പ്രയോഗികാവശ്യങ്ങൾക്കായി വേദത്തിന്റെ അപ്രമാണിത്വ അംഗീകരിച്ച ഒരു ചിന്താ പദ്ധതി മാത്രമായിരുന്നു എന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട് . ഈ അദ്വൈതത്തിനുൾക്കൊള്ളാനാകാത്ത പ്രയോഗികതയെ "മായ" എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത് കൊണ്ടാണ് , അദ്വൈതത്തെയും ശങ്കരനെയും വെല്ലുവിളിച്ചുകൊണ്ട് വിശിഷ്ടാദ്വൈത ചിന്താ സരണി ഉടൻ തന്നെ ഉടലെടുത്തത്. പിന്നീടുള്ളത് ചരിത്രം.
ഇതെല്ലം കൊണ്ട് തന്നെ ആദി ശങ്കരൻ ഇന്ത്യയിൽ നിന്നും ബുദ്ധമതത്തെ തുടച്ചു നീക്കിയ വ്യക്തിത്വമായി അവതരിപ്പിക്കുന്നതിൽ ചരിത്രപരമായി വലിയ പാകപ്പിഴയുണ്ട്. അത് പോലെ തന്നെ ഇന്ത്യൻ തത്വ ചിന്തയിലെ ശങ്കരന്റെ സംഭാവന തള്ളിപ്പറയുന്നതിലും അതിലും വലിയ പാകപ്പിഴയുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവായ നാരായണ ഗുരു ആദി ശങ്കരന്റെ അദ്വൈതത്തെ തന്റെ സാമൂഹീക പരിഷ്കാരങ്ങൾക്കുള്ള അടിസ്ഥാന തത്വ ചിന്തയായി അംഗീകരിച്ചത്, അദ്വൈതം യാഥാസ്ഥിതിക ആചാരാനുഷ്ടാനങ്ങൾക്കതിഷ്ടിതമായ മീംമാസ ഹിന്ദു മാതാചാരങ്ങൾക്കെതിരെ ഉയർത്തിയ ചരിത്രപരമായ താത്വീകമായ വെല്ലു വിളികൊണ്ടാണെന്നു നാം മറക്കരുത്. അതുകൊണ്ടു തന്നെ ഇ എം എസിനെയും , നാരായണ ഗുരുവിനെയും , ആദി ശങ്കരനെയും മറ്റും വെറുതെ കൂടി കുഴച്ചു പരിമിതമായ ചരിത്രപരവും താത്വീകവുമായ അവനിർമിതി നടത്താതിരിക്കുവാനപേക്ഷ.

No comments:

Post a Comment