Sunday, October 16, 2016

തീർച്ചയായും ഫിറോസിനെ തിരയണം ...തീർച്ചയായും തിരയണം .

ഇന്നലെ പാർക്കിനപ്പുറത്തെ കോളേജ് കംപ്‌സിനപ്പുറത്തെ ചെറിയ വഴിയിലൂടെ നടക്കുമ്പോൾ പെട്ടന്ന് ഒരു ഫോൺ വന്നു. അറിയാതെ തെറ്റി വിളിച്ചതായിരുന്നു. എപ്പോഴും ഫോൺ എടുക്കുമ്പോൾ ചെയ്‌യുന്നതുപോലെ ഒരു ഹെലോവിന് മുൻപേ സ്വന്തം പേരുപറഞ്ഞാണ് ഞാൻ ഫോൺ എടുത്തത്. ഫോണിന്റെ മറുവശത്ത് ആദ്യം ഒരു നിശ്ശബ്ദതയായിരുന്നു. പിന്നെ ഒരു ആകാംക്ഷയുടെ അരികുചേർന്നു ഒരു സ്ത്രീ തെറ്റി വിളിച്ചതിനു മാപ്പു പറഞ്ഞുകൊണ്ട് പിന്നെയും തുടർന്നു " you sound familier ...are you narendra who studied in Bandra west ?" ഒരു നിമിഷം ഞാൻ പതറിപ്പോയി. ബാന്ദ്ര വെസ്റ്റിൽ പഠിച്ചിരുന്നു എന്ന സത്യം ഞാൻ പോലും മറന്നിരുന്നു എന്നതാണു കാര്യം. മുപ്പതു വർഷ ങ്ങൾക്കു മുൻപുള്ള കാര്യമാണ് പെട്ടന്ന് ആരോ ഒരാൾ അതും തെറ്റി ഫോൺ ചെയ്തൊരാൾ ചോദിക്കുന്നത്. എന്ത് പറയണമെന്നറിയാതെ പരുങ്ങി ഒരുവിധത്തിൽ ഒപ്പിച്ചു പറഞ്ഞു ..."yes i did study in Bandra west, but it was thirty years back ..". ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു മറുവശത്ത് "you are narendra raghunath ...right ?" ആ ചോദ്യം എന്നെ വീണ്ടും കുഴക്കി. ആരാണിത്തപ്പാ... അതും മുപ്പതു കൊല്ലങ്ങൾക്കപ്പുറത്തെ ഞാൻ പോലും മറന്നു പോയ എന്നെ ഓർക്കുന്നത് ? അതും ഒരു സ്ത്രീ. അപ്പുറത്തെ ചിരി അവസാനിക്കുന്നില്ല. ഒരല്പം പരുങ്ങികൊണ്ട് ഞാൻ അവരുടെ ചോദ്യം ശരിവച്ചു . അതെ ഞാൻ നരേന്ദ്ര രഘുനാഥ് ആണ്...പക്ഷെ നിങ്ങൾ ആരാണ് ?. ചിരിയൊതുക്കാനാകാതെ അവർ തുടർന്ന് " അത് വീടു ...അവസാനം ഞാൻ തന്നെ കണ്ടുപിടിച്ചു ....മുപ്പതു കൊല്ലം...മാൻ വാട്ട് എ വണ്ടർ ... ദിസ് ഈസ് മരിയ.. യു ഓവ് മി എ ബുക്ക്"
പിന്നെ മരിയ നിർത്താതെ സംസാരമായിരുന്നു. ഞാൻ നിശബ്ദനും. ഒരു പോയ കാലത്തിന്റെ കണക്കു പുസ്തകം അവർ തുറക്കുകയായിരുന്നു .മുപ്പതു വര്ഷങ്ങൾക്കപുറത്തെ ഓർമകൾ അവർ ചികഞ്ഞെടുക്കുകയായിരുന്നു. എന്റെ സഹപാഠികളിൽ ഏറ്റവും സുന്ദരിയായിരുന്നു മരിയ. അന്നെന്റെ സുഹൃത്തായിരുന്ന ഫിറോസിന്റെ ഗേൾ ഫ്രണ്ടായ ആംഗ്ലോ ഇന്ത്യൻ മരിയ എന്ന ക്ലാസ്സ്‌മേറ്റ്. ഇംഗ്ലീഷ് അധികം സംസാരിക്കാനറിയാത്ത, എല്ലാവരിൽ നിന്നും അകന്നു നടന്നിരുന്ന, ഉച്ചക്ക് വാടാ പാവ് തിന്നിരുന്ന എന്നോട്, ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും പണക്കാരനും സുഹൃത് ബന്ധങ്ങളുമുണ്ടായിരുന്ന ഫിറോസ് എന്ന ഒരജാനാബാഹു തുടങ്ങിയ സുഹൃത് ബന്ധം. അന്ന് കമ്പ്യൂട്ടറിന്റെ അവന്റെയും മാറിയയുടെയും എല്ലാ പ്രൊജെക്ടുകളും ചെയ്തുകൊടുത്തത് ഞാനായിരുന്നു. എന്നൊക്കെ പ്രൊജെക്ടുകൾ കഴിഞ്ഞിരുന്നുവോ അന്നൊക്കെ അവന്റെ വക ഒരു ട്രീറ്റ് ഉണ്ടായിരിക്കും . അവനും മരിയയും ഞാനും. അന്ന് ഞാൻ മദ്യപിച്ചിരുന്നില്ല. അതിനാൽ രണ്ടുപേരെയും തൂക്കി ടാക്സിയിൽ ഇട്ടിരുന്നത് ഞാനായിരുന്നു. ഒരു നല്ല കാലത്തിന്റെ ഓർമ്മ. വർഷങ്ങൾക്കിപ്പുറം മരിയ, അതും ഒരു തെറ്റി വിളിച്ച ഫോൺ കാളിലൂടെ . ഈ ലോകത്തിൽ അദ്‌ഭുതങ്ങൾക്കവസാനമില്ല. അന്ന് മാറിയയിൽ നിന്നും അവസാന പ്രോജെക്ടിനായി സി+ ന്റെ ഒരു ബുക്ക് വാങ്ങിയിരുന്നു. പിന്നെയത് കൊടുക്കാൻ മറന്നു പോയി.
ഫിറോസും മരിയയും പിന്നെ തെറ്റി പിരിഞ്ഞെന്നും, ഫിറോസ് അമേരിക്കയിലെവിടെയോ ഉണ്ടെന്നും, മരിയ ഇന്ന് ഇന്ത്യയിലെ ഒരു വലിയ സോഫ്റ്റ്‌വെയർ കമ്പനിയുടെ ഡയറക്ടർ ആണെന്നും പറഞ്ഞു. ഞാനിന്നൊരു ആര്ടിസ്റ് ആണെന്നറിഞ്ഞപ്പോൾ ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു മറുവശത്ത് . ഇനി ഇടയ്ക്കിടയ്ക്ക് വിളിക്കുമെന്നും എന്നെയും ഫാമിലിയെയും കാണാൻ വരുമെന്നും പറഞ്ഞു നിർത്തിയപ്പോൾ പിന്നെയും ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു. സംസാരം അവസാനിപ്പിക്കുന്നതിന് മുൻപേ "ഫിറോസ് യു ആൻഡ് മി ....വാട്ട് എ ഗുഡ് ഡേയ്സ് വെറെ ദേ...". എന്നു മാറിയ പറഞ്ഞു
ഞാൻ എന്നോ മറന്നു പോയ മരിയയുടെ വാക്കുകൾ എന്നെ കുറ്റബോധത്തിന്റെ കുരിശിൽ തറച്ചു.
തീർച്ചയായും ഫിറോസിനെ തിരയണം ...തീർച്ചയായും തിരയണം ...

No comments:

Post a Comment